Friday 31 March 2017

ധനുഷ്കോടി, ആത്മാക്കള്‍ ഉറങ്ങാത്ത നഗരം...

          മണ്മറഞ്ഞ ചരിത്രത്തിലും പുരാണങ്ങളിലും ഏറെ സംഭാവനകള്‍ നല്‍കിയൊരിടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തോട് ഒരു പാലത്താല്‍ ബന്ധിക്കപ്പെട്ട കൊച്ചു ദ്വീപ്, രാമേശ്വരം. അധികം അകലെയല്ലാതെ ധനുഷ്കോടി, നൂറുകണക്കിനു ആളുകളുടെ കണ്ണീരിന്‍റെ നനവുള്ള മണല്‍ പരപ്പ്. ധനുഷ്കോടിയിലേക്കു ഞങ്ങളെ വിളിച്ചത് 1964-ലെ ദുരന്തത്തിലെ ഇരകളുടെ ആത്മാക്കളായിരുന്നുവെങ്കില്‍ രാമേശ്വരത്തേക്കു ഞങ്ങളെ വിളിച്ചു വരുത്തിയതു അഗ്നിച്ചിറകുകളിലൂടെ എ.പി.ജെ അബ്ദുല്‍ കലാം എന്ന ആ വലിയ മനുഷ്യന്‍റെ മരിക്കാത്ത ഓര്‍മ്മകള്‍ ആയിരുന്നു.

ഒക്ടോബര്‍ 28, 2016
6 PM

          വെള്ളിയാഴ്ച ആയതു കൊണ്ടു എല്ലാവരും ഓഫീസില്‍ നിന്നും നേരത്തേ ഇറങ്ങി. ഞങ്ങള്‍ 8 പേരും കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ നാഗര്‍കോവില്‍ വരെ പോകുന്ന പരശുരാം എക്സ്പ്രസ്സ്‌ എത്താറായിരുന്നു. പിറ്റേന്നു ദീപാവലിയായതു കൊണ്ടാകാം നാട്ടിലേക്കു പോകുവാനുള്ളവരുടെ നല്ല തിരക്കുണ്ടായിരുന്നു അവിടെ. നാഗര്‍കോവില്‍ വരെയുള്ള ജനറല്‍ ടിക്കറ്റ്‌ എടുത്തു പ്ലാറ്റ്ഫോര്‍മില്‍ എത്തിയപ്പോളെക്കും ട്രെയിന്‍ വന്നു. ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ യാത്ര ഒരു സുഖം തന്നെയാണു. പരിചയം ഇല്ലാത്ത ഒരുപാടു ആളുകള്‍, പരിചയപെടല്‍, തമാശകള്‍, അങ്ങനെ ഓരോ യാത്രയും പുത്തന്‍ അനുഭവങ്ങള്‍ ആണു. 



          ഇടയ്ക്കിടെ ഓരോ സ്റ്റേഷനിലും കുറെ നേരം പിടിച്ചിട്ടു പിടിച്ചിട്ടു കുറച്ചു താമസിച്ചാണെങ്കിലും 9:45 ആയപ്പോളെക്കും ഞങ്ങള്‍ നാഗര്‍കോവില്‍ എത്തി. രാമേശ്വരത്തേക്കുള്ള ട്രെയിന്‍ വരാന്‍ ഇനിയും സമയം ഉള്ളതു കൊണ്ടു ഞങ്ങള്‍ അവിടെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.



          അര മണിക്കൂറിന്‍റെ കാത്തിരിപ്പിനു ഒടുവില്‍ കന്യാകുമാരി-രാമേശ്വരം എക്സ്പ്രസ്സ്‌ ട്രെയിന്‍ എത്തി. മുന്‍കൂട്ടി ബുക്ക് ചെയ്ത സ്ലീപ്പര്‍ ടിക്കെറ്റുമായി ഞങ്ങള്‍ S4 കമ്പാര്‍ട്ട്മെന്റില്‍ കയറി ഇരുപ്പുറപ്പിച്ചു. രാവിലെ നേരത്തേ എഴുന്നേല്‍ക്കാന്‍ ഉള്ളതു കൊണ്ടു എല്ലാവരും അധികം താമസിക്കാതെ തന്നെ ഉറക്കമായി.



ഒക്ടോബര്‍ 29, 2016
5:00 AM

          തണുത്ത കാറ്റടിച്ചപ്പോള്‍ ഞാന്‍ മെല്ലെ കണ്ണു തുറന്നു. ആളുകള്‍ എല്ലാവരും പുറത്തേക്കു നോക്കി ഒച്ച വെക്കുന്നു. ഞാന്‍ മെല്ലെ താഴെ ഇറങ്ങി പുറത്തേക്കു നോക്കി. വണ്ടിയുടെ വേഗം വളരെ കുറഞ്ഞു വന്നു. ട്രെയിൻ പാമ്പൻ പാലത്തിലേക്ക് പ്രവേശിച്ചു. ആ കാഴ്ചയുടെ മനോഹാരിത പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാന്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി. എല്ലാവരും ആ മനോഹര കാഴ്ച ആസ്വദിച്ചു. ഒരു പ്രത്യേക അനുഭവം തന്നെയാണ് പാമ്പൻ പാലത്തിൽ കൂടെ ഉള്ള ട്രെയിൻ യാത്ര. 1914 - ൽ ബ്രിട്ടീഷുകാർ പണിതതാണ് ഈ പാലം. ഇന്ത്യയിലെ ആദ്യത്തെ കടൽ പാലം. മുംബൈയിലെ ബാന്ദ്ര-വർളി പാലം 2010ൽ തുറക്കുന്നത് വരെ ഈ 2 കിലോമീറ്റര്‍ നീളമുള്ള പാലമായിരുന്നു ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം. പാലത്തിന്‍റെ ഒരു സൈഡില്‍ മറ്റു വണ്ടികൾക്ക് പോകാനുള്ള മറ്റൊരു പാലവും ഉണ്ട്. 5:15 ആയപ്പോള്‍ ട്രെയിൻ പാമ്പൻ പിന്നിട്ട് രാമേശ്വരം സ്റ്റേഷനിൽ എത്തി നിന്നു. 

( രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ )

          മുന്‍കൂട്ടി മുറി ഒന്നും ബുക്ക് ചെയ്യാതിരുന്നത് കൊണ്ടു ഒരു ലോഡ്ജിലെത്തി ചെറിയ രീതിയില്‍ റിഫ്രെഷ്മെന്റ് ചെയ്തു. ലോഡ്ജിലെ അണ്ണനോട് രാമനാഥസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴി ചോദിച്ചു മനസ്സിലാക്കി. പുറത്തിറങ്ങി കുറച്ചു ദൂരം എത്തിയപ്പോളെക്കും അണ്ണന്‍ തമിഴില്‍ പറഞ്ഞു തന്ന വഴിയൊക്കെ ഞങ്ങള്‍ മറന്നു. ഒടുവില്‍ ഒരു ഓട്ടോ വിളിച്ചു ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. കേരളത്തില്‍ 3 പേരില്‍ കൂടുതല്‍ ആളെ കയറ്റാന്‍ ഓട്ടോകാര്‍ മടിക്കുമ്പോള്‍ രാമേശ്വരത്തെ ഓട്ടോയില്‍ ഞങ്ങള്‍ 8 പേര്‍ ഒരുമിച്ചു യാത്ര ചെയ്തു.

          പുരാണകാലത്തു രാമന്‍ ലങ്കയില്‍ ചെന്നു രാവണനെ വധിച്ചു സീതയുമായി രമേശ്വരത്തു തിരിച്ചെത്തിയപ്പോള്‍ ബ്രഹ്മഹത്യ എന്ന മഹാപാപം തീര്‍ക്കുവനായി ശിവനെ ആരാധിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ അവിടെ ശിവലിംഗം ഇല്ലാതിരുന്നതു കൊണ്ടു ഹനുമാന്‍ കൈലാസത്തില്‍ നിന്നും രാമേശ്വരത്തേക്കു ഒരു ശിവലിംഗം കൊണ്ടുവരുകയും രാമന്‍ അതു അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു. അങ്ങനെയാണു രാമേശ്വരത്തു രാമനാഥക്ഷേത്രം ഉണ്ടായതു എന്നു ചരിത്രം.

( രാമനാഥക്ഷേത്രം )
          ക്ഷേത്രത്തിന്‍റെ കിഴക്ക് ഭാഗത്തെ ടവറാണ് പ്രധാന കവാടം. മൊബൈല്‍‍, ക്യാമറ തുടങ്ങിയവ ക്ഷേത്രത്തിനകത്തേക്ക് അനുവദനീയമല്ല. പുറത്തുള്ള ലോക്കറില്‍ ഇവയെല്ലാം സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട്‌. വിശാലമാണ് ക്ഷേത്ര അകത്തളം. കരിങ്കല്ലില്‍ കൊത്തി തീര്‍ത്ത വിസ്മയം. ഇന്ത്യൻ ക്ഷേത്രങ്ങളിൽ വെച്ഛ് ഏറ്റവും വലിയ ഇടനാഴി സ്ഥിതി ചെയ്യുന്നത് ഈ അമ്പലത്തിലാണ്. ശിവനാണ് പ്രതിഷ്ട. ദക്ഷിണ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യയും ശില്പ്കലയിലെ വൈവിധ്യവും അടുത്തറിയാന്‍ ഇതിനെക്കാള്‍ പറ്റിയ മറ്റൊരു സ്ഥലവും വേറെ ഇല്ല. പാണ്ഡ്യൻമാരുടെ ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തു പണികളോട് കൂടിയ ചുമരുകൾ ആരെയും ആകർഷിക്കും. ക്ഷേത്രം മുഴുവന്‍ ചുറ്റി കാണാന്‍ ഒരു മണിക്കൂറോളം എടുത്തു.


          ക്ഷേത്രത്തിനു പുറത്തിറങ്ങിയപ്പോള്‍ നന്നേ വിശക്കുന്നുണ്ടായിരുന്നു. അടുത്തു കണ്ട വെജിറ്റെറിയന്‍ ഹോട്ടെലില്‍ നിന്നും മസാലദോശയും ചായയും കുടിച്ചു പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ ഒരു ഓട്ടോക്കാരന്‍. ഉച്ചയ്ക്ക് മുന്‍പേ രാമേശ്വരം മുഴുവന്‍ കൊണ്ടുപോയി കാണിക്കാം, ആളൊന്നിനു 150 രൂപ കൊടുത്താല്‍ മതി. 150 എന്നതു ഒടുവില്‍ 120 ആയപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. ഞാന്‍ ഡ്രൈവറുടെ ഒപ്പം മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു.


          രാമേശ്വരത്തിന്‍റെ മുക്കിലും മൂലകളിലും അമ്പലങ്ങള്‍ ആണ്. ഓരോ സ്ഥലം എത്തുമ്പോളും ഓട്ടോ ഡ്രൈവര്‍ ആ സ്ഥലത്തെ പറ്റി നന്നായി മലയാളത്തില്‍ തന്നെ വിവരിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ ആദ്യം എത്തിയതു രാമ പാദം ആയിരുന്നു. പേരു പോലെ തന്നെ രാമന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പുണ്യഭൂമി ആയിരുന്നു അതു. പടിക്കെട്ടുകള്‍ കയറി മുകളിലെത്തുമ്പോള്‍ നമുക്കു ആ കാല്‍പ്പാടുകള്‍ കാണുവാന്‍ സാധിക്കും. മുകളില്‍ നിന്നും നോക്കിയാല്‍ രാമേശ്വരം മുഴുവന്‍ കാണാനാകും.

( രാമ പാദം )
          അവിടെ നിന്നും ഞങ്ങള്‍ നേരെ പോയതു ഹനുമാന്‍ ടെമ്പിളിലേക്കായിരുന്നു. പണ്ടു ഹനുമാന്‍ തന്‍റെ അഞ്ചു മുഖങ്ങളുമായി ആദ്യമായി പ്രത്യക്ഷപെട്ടത്‌ ഇവിടെയാണത്രേ. അഞ്ചു മുഖങ്ങളോടു കൂടിയ ഹനുമാന്‍റെ ഒരു വലിയ പ്രതിമ അവിടെ നമുക്കു കാണാനാകും. കൂടാതെ രാമന്‍റെയും ലക്ഷ്മണന്‍റെയും സീതാദേവിയുടെയും പ്രതിമകള്‍ അവിടെ കാണാന്‍ സാധിക്കും. അവിടെ ഉള്ള മറ്റൊരു പ്രധാന ആകര്‍ഷണം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകളാണ്. പണ്ടു രാമന്‍ രാമസേതു ഉണ്ടാക്കാന്‍ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന കല്ലുകള്‍.

( ഹനുമാന്‍ ക്ഷേത്രം )

( കല്ല്‌ )

          വില്ലുണ്ടി തീര്‍ത്ഥമായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ലങ്കയില്‍ നിന്നും സീതയുമായി തിരിച്ചെത്തിയപ്പോള്‍ അവര്‍ വിശ്രമിച്ച സ്ഥലം. അവിടെ വെച്ചു സീതാദേവിക്കു ദാഹിച്ചപ്പോള്‍ രാമന്‍ ഭൂമിയിലേക്കു അമ്പു എയ്തു വെള്ളമെടുത്തു കൊടുത്തപ്പോള്‍ ഉപ്പുവെള്ളം മാത്രം കിട്ടുന്ന ആ സ്ഥലത്തെ വെള്ളത്തിനു മധുരമായി മാറി. ഇന്നും അനേകം ആളുകള്‍ അവിടെ എത്തുകയും അവിടെ നിന്നും വെള്ളം കോരി കുടിക്കുകയും ചെയ്യാറുണ്ട്.

( വില്ലുണ്ടി തീര്‍ത്ഥം )

          പിന്നീടു ഞങ്ങള്‍ രാമ തീര്‍ത്ഥത്തില്‍ എത്തി. കുളത്തിനടുത്തുള്ള മനോഹരമായ രാമ ക്ഷേത്രമാണത്. രാമന്‍ പണ്ടു ഇവിടെ സ്നാനം ചെയ്തു എന്നതു ചരിത്രം. ധാരാളം മത്സ്യങ്ങള്‍ നിറഞ്ഞതാണ്‌ ആ കുളം. അവിടെയും വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ വിശ്വാസികള്‍ക്ക് കാണുവാനും തൊട്ടു നോക്കുവാനുമായി വെച്ചിട്ടുണ്ട്.

( രാമ തീര്‍ത്ഥം )

          ഒരുപാടു അമ്പലങ്ങള്‍ കയറി ഇറങ്ങിയ ഞങ്ങള്‍ പിന്നീടു പോയതു എഞ്ചിനീയറിംഗ് വിസ്മയമായ പാമ്പന്‍ പാലം കാണാനായിരുന്നു. റെയിൽവേ പാലത്തിന് സമന്തരമായി വാഹനങ്ങൾ പോകുന്ന പാലത്തിൽ ഞങ്ങൾ എത്തി. പാലം കാണുവാനും ഫോട്ടോസ് എടുക്കുവാനുമായി അവിടെ നല്ല തിരക്കായിരുന്നു. ആ സമയത്തു ട്രെയിന്‍ ഒന്നും വരാന്‍ ഇല്ലാത്തതു കൊണ്ടു പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ കടന്നു പോകുന്ന മനോഹര കാഴ്ച ഞങ്ങള്‍ക്കു നഷ്ടമായി.

( പാമ്പന്‍ പാലം )

          എ പി ജെ അബ്ദുള്‍കലാമിന്‍റെ സമാധിയാണ് അടുത്ത ലക്ഷ്യം. അവിടെ എത്തുമ്പോള്‍ തന്നെ അദ്ധേഹത്തിന്‍റെ ഓര്‍മ്മകള്‍ ഓടിയെത്തും. വിങ്ങ്സ് ഓഫ് ഫയര്‍ ബുക്ക് വായിച്ചു മുറിയില്‍ ഇരുന്നപ്പോള്‍ പെട്ടെന്ന് അദ്ധേഹത്തിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചുകൊണ്ട്‌ എന്‍റെ സുഹൃത്ത്‌ മുറിയിലേക്കു കടന്നു വന്നതു ഇന്നും മറക്കാനാകാത്തതും ഓര്‍ക്കാനിഷ്ടപ്പെടത്തതുമായ ഒന്നാണു. സമാധി സ്ഥലത്ത് നില്‍ക്കുമ്പോളും അദ്ധേഹത്തിന്‍റെ വിയോഗം എനിക്കു അങ്ങീകരിക്കുവാന്‍ സാധിച്ചിരുന്നില്ല. ആയിരങ്ങള്‍ ദിനംപ്രതി സന്ദര്‍ശനം നടത്തുന്ന അദ്ദേഹത്തിന്‍റെ സമാദിയോട് അത്ര നല്ല ആദരം അല്ല സര്‍ക്കാരുകള്‍ കാണിക്കുന്നത് എന്നു അവിടം കണ്ടാല്‍ മനസ്സിലാകും. സ്മാരക നിര്‍മ്മാണ വര്‍ക്കുകള്‍ ഇപ്പൊ തുടങ്ങിയതെയുള്ളൂ. തുടങ്ങിയവ ഇഴഞ്ഞു നീങ്ങുന്നു. സ്വപ്നങ്ങള്‍ക്കു അഗ്നിചിറകുകള്‍ സമ്മാനിച്ച ആ വലിയ മനുഷ്യന്‍റെ ഓര്‍മകളുമായി അവിടെ നിന്നും ഞങ്ങള്‍ അദ്ധേഹത്തിന്‍റെ വീട്ടിലേക്കു യാത്ര തിരിച്ചു.


( സമാധി സ്ഥലം )

          കലാം ഹൗസ് ഒരു സമ്പൂര്‍ണ മ്യൂസിയമാണ്. അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്സ്, അവാര്‍ഡുകള്‍, യൂനിഫോം തുടങ്ങി അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം മ്യൂസിയത്തില്‍ കാണാം. അദ്ദേഹത്തിന്റെ കൃതികള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നതാണ് മറ്റൊരു സെഷന്‍. ഏറ്റവും മുകളിലായ് ക്രാഫ്റ്റ്സ് വര്‍ക്കുകളാണ്. അവയും വില്‍പ്പനക്കുള്ളതാണ്. മൊബൈല്‍, ക്യാമറ എന്നിവ ഇവിടെയും അനുവദനീയമല്ല.

( കലാം ഹൗസ് )

          ഇങ്ങനെ ഒരു യാത്ര പുറപ്പെടുമ്പോൾ തന്നെ പ്രേത നഗരമായ ധനുഷ്‌കോടി ആയിരുന്നു മനസ്സിൽ, രാമേശ്വരത്തു നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം ഒരുപാടു ദുരൂഹതകൾ നിറഞ്ഞതാണ്. അങ്ങോട്ടേക്കുള്ള ബസ്‌ സ്റ്റോപ്പില്‍ ഞങ്ങളെ ഇറക്കി ഓട്ടോക്കാരന്‍ യാത്രയായി. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ധനുഷ്കോടി ബസ് വന്നു. അര മണികൂറിനുള്ളില്‍ വണ്ടി അതിന്‍റെ അവസാന സ്റ്റോപ്പിലെത്തി. ഇവിടം വരയെ ബസ് ഉള്ളു. അവിടെ നിന്നും മിനി വാനില്‍ ആണ് പോകേണ്ടത്. ഒരാൾക്ക് 150 രൂപ. അങ്ങനെ ഞങ്ങള്‍ ധനുഷ്കോടിയിലേക്കു പുറപ്പെട്ടു. മണലിൽ കൂടി ഓടി തുടങ്ങിയ വണ്ടി പിന്നെ ചെറിയ ചതുപ്പിലൂടെ ആയി. അവസാനം ഉപ്പു വെള്ളം നിറഞ്ഞ ചതുപ്പിലൂടെ ആയി. മൂന്നു കിലോമീറ്റര്‍.


          1964 ഡിസംബര്‍ 22. വഴിയോരങ്ങളും വീടുകളും പള്ളിയുമെല്ലാം ക്രിസ്തുമസ് രാവിന്‍റെ ആഘോഷങ്ങള്‍ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. എങ്ങും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും. മധുരയില്‍ നിന്നും ധനുഷ്കോടിയിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ പതിവുപോലെ അന്നും യാത്ര തുടര്‍ന്നു, പതിവിലും അധികം യാത്രക്കാരുമായി. ആ ദിവസം ഇരുട്ടി വെളുത്തപ്പോള്‍ ധനുഷ്കോടി ഒന്നടങ്കം ഇല്ലാതെയായി. വീശിയടിച്ച കൊടുംകാറ്റിലും വലിയ തിരമാലകളിലുമായി ഒരു സമൂഹം ധാരുണമായി നശിച്ച് പോയ ദിവസം. മധുര-ധനുഷ്കോടി പാസഞ്ചര്‍ ട്രെയിന്‍ ആഴങ്ങളിലേക്കു മറഞ്ഞു. ധനുഷ്കോടി വാസയോഗ്യമല്ലാതായി. പിന്നീട് തമിള്‍നാട് സർക്കാർ ധനുഷ്കോടിയെ ഗോസ്റ്റ് ടൌൺ ആയി പ്രഖ്യാപിച്ചു. ആ ദുരന്തത്തിന്‍റെ ശേഷിപ്പുകളായാണ് ഇന്ന് ധനുഷ്കോടി അറിയുന്നത്.  ധനുഷ്കോടിയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകത, ഒരു വശം ബംഗാള്‍ ഉള്‍ക്കടലും മറു വശത്തായി ഇന്ത്യന്‍ മഹാസമുദ്രവും. ഒരു നേര്‍ത്ത രേഖ പോലെ പോകുന്ന ധനുഷ്കോടിയുടെ അറ്റത്ത് , ധനുഷ്കോടി പോയിന്റില്‍ വെച്ച് ഇവ സംഗമിക്കുന്നു.


( പള്ളി )

          പോസ്റ്റോഫീസും,റെയിൽവേയും,പള്ളിയും ഒക്കെ ഉണ്ടായിരുന്ന അവിടെ ഇന്നു ജനസംഖ്യ വളരെ തുച്ഛം. മീൻപിടുത്തവും വിനോദ സഞ്ചാരവും ആണ് പ്രധാന വരുമാന മാർഗങ്ങൾ. തകർന്ന പള്ളിയും റെയിൽവേ സ്റ്റേഷനും റെയിൽവേ ട്രാക്കും അങ്ങനെ ആ പഴയ നഗരത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം തന്നെ നമുക്കു അവിടെ കാണാം. ദ്രവിച്ചുതുടങ്ങിയ പള്ളിയുടെ ഭിത്തികളില്‍ പഴയകാലത്തു അതു നിര്‍മിക്കാന്‍ ഉപയോഗിച്ച ചെറു കല്ലുകളും ശംഖുകളും തെളിഞ്ഞു കാണാം.

( റെയില്‍വേ സ്റ്റേഷന്‍ )


( പള്ളി )

          ലക്ഷദീപിനെ ഓര്‍മപ്പെടുത്തുന്നതാണ് ധനുഷ്കോടി കടല്‍തീരം. കടലിന്‍റെ അടിത്തട്ടു വരെ തെളിഞ്ഞു കാണാം. ചുറ്റും വെളുത്ത മണലാരണ്യം. ഒരുപാടു സിനിമകള്‍ക്കും പാട്ടുകള്‍ക്കും പശ്ചാത്തലമായ സുന്ദരതീരം. ഇന്ത്യയിലെ മനോഹരമായ കടല്‍ത്തീരങ്ങളില്‍ ഒന്ന്. ആള്‍ത്താമസം ഇല്ലാത്തതുകൊണ്ടും സഞ്ചാരികളെ അധികനേരം അവിടെ താങ്ങാന്‍ അനുവധിക്കാത്തതുകൊണ്ടുമാകാം അവിടമാകെ വൃത്തിയുള്ളതായിരുന്നു.

( ധനുഷ്കോടി ബീച്ച് )

          ഞങ്ങള്‍ തിരിച്ചു നടന്നു വാനില്‍ കയറി. മണലാരണ്യത്തില്‍ കൂടി ഞങ്ങള്‍ തിരിച്ചുള്ള യാത്ര തുടങ്ങി. വൈകാതെ ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ തിരിച്ചെത്തി. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു. കുറച്ചു നേരം കൂടി ധനുഷ്കോടിയിൽ തങ്ങേണ്ടിയിരുന്നെന്ന് തോന്നി എനിക്ക്. ഏഴു മണിയോടെ ഞങ്ങള്‍ രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തി. ദീപാവലിയുടെ ആഘോഷം തുടങ്ങിയിരുന്നു. എങ്ങും പടക്കത്തിന്‍റെ ശബ്ദം മാത്രം. തിരിച്ചുള്ള ട്രെയിന്‍ രാത്രി 10 മണിക്കാണ്. ഭക്ഷണം കഴിച്ചു ഞങ്ങള്‍ ട്രെയിന്‍ പുറപ്പെടാന്‍ കാത്തിരുന്നു. ട്രെയിനില്‍ കയറിയിരുന്നപ്പോള്‍ എല്ലാവരും നിശബ്ധമായി. എല്ലാവരുടെയും മനസ്സില്‍ അപ്പോള്‍ ധനുഷ്കോടിയിലെ ആത്മാക്കളുടെ നിലവിളി അലയടിക്കുന്നുണ്ടായിരുന്നു.

( രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ )


ഒക്ടോബര്‍ 30, 2016
4:00 AM 

          ട്രെയിന്‍ നാഗര്‍കോവില്‍ എത്തി. ഞങ്ങള്‍ അവിടെ ഇറങ്ങി. 4:30 മണിക്കു പുറപ്പെടേണ്ട പരശുരാം എക്സ്പ്രസ്സില്‍ കയറി ഞങ്ങള്‍ ചെറുതായി ഒന്നു മയങ്ങി. 6:30 ആയപ്പോഴേക്കും ഞങ്ങള്‍ തിരിച്ചു കഴക്കൂട്ടത്തെത്തി.



അങ്ങനെ ഒരുപാടു നാളത്തെ ആഗ്രഹം ഒരു ദീപാവലി ദിവസം സാധ്യമായി.

********** നന്ദി **********

ഈ യാത്രയില്‍ ഉണ്ടായിരുന്നവര്‍,

  1. ബിബിന്‍ കെ ഓനന്‍കുഞ്ഞ്
  2. മോഹിത്ത് പരിയാരം
  3. രാഹുല്‍ നമ്പിയാര്‍
  4. നിതിന്‍ വി
  5. ജയശങ്കര്‍ കെ എസ്
  6. രാഹുല്‍ ലാല്‍ രാഘവ്
  7. ഘനശ്യാം
  8. ശ്രിഷിൻ കെ പി



#Dhanushkodi , #The_end_of_the_bow

No comments:

Post a Comment