Monday 28 August 2017

ഓണം അന്നും ഇന്നും...


കണ്ണൂരുകാരിയായ LKG സ്റ്റുഡന്റ് ദേവഹാര ഇട്ട ഈ പൂക്കളം അവിചാരിതമായി കാണാൻ ഇടയായപ്പോൾ എന്റെ മനസ്സിലേക്കു ആദ്യമായി ഓടിയെത്തിയതു 20 വർഷങ്ങൾ മുൻപുള്ള എന്റെ കുട്ടിക്കാലത്തെ ഓണകാലം ആണു. ശരിക്കും ഓണം അതിന്റെ എല്ലാ അർത്ഥത്തിലും തനിമയിലും ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളതും അക്കാലത്താണു. മുറ്റത്തും തൊടിയിലും എല്ലാം നാനാ വർണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഒട്ടനവധി ചെടികൾ. അവയെല്ലാം ഒരുമിച്ചു പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കുന്നതു ഓണ നാളുകളിൽ ആയിരുന്നു.

ചിങ്ങ പുലരിയിൽ കിടക്ക പായിൽ നിന്നും എഴുന്നേറ്റാൽ ആദ്യം ഓടുന്നതു തൊടിയിൽ പോയി പൂവു ഇറുക്കാനായിരിക്കും. ആദ്യം തന്നെ എത്തി കൂടുതൽ പൂക്കൾ പറിച്ചു പൂക്കളം ഇടാൻ ഞങ്ങൾ കുട്ടികളുടെ ഇടയിൽ ഒരു വാശി തന്നെ ഉണ്ടായിരുന്നു. കൊയ്ത്തു കാലത്തു നെല്ലു ഉണങ്ങാനായി മുറ്റം മുഴുവൻ ചാണകം മെഴുകിയതു മുഴുവനായി പോയിട്ടില്ലെങ്കിലും മുറ്റത്തിന്റെ ഒത്ത നടുവിലായി വൃത്താകൃതിയിൽ അമ്മ ചാണകം കൊണ്ടു ഒന്നുകൂടി മെഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ടാകും.

അത്തം മുതൽ പത്തു ദിവസം, പത്തു തരത്തിലുള്ള പൂക്കളങ്ങൾ. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂടി കൂടി വന്നിരുന്നു. അവസാന ദിവസം മണ്ണു കുഴച്ചു ഓണത്തപ്പനെ ഉണ്ടാക്കും. പൂക്കളങ്ങൾക്കൊന്നും അത്ര നല്ല ഡിസൈൻ ഉണ്ടാകില്ല. പൂക്കൾ പെറുക്കി പെറുക്കി വെച്ചു ഉണ്ടാക്കിയെടുക്കുന്ന ഓരോരോ ഡിസൈനുകൾ. പക്ഷെ അവയ്‌ക്കെല്ലാം അന്നു കുട്ടിത്തത്തിന്റെയും നിഷ്കളങ്കതയുടെയും ഭംഗി ഉണ്ടായിരുന്നു.

ഓണം അവധി തുടങ്ങിയാൽ പിന്നെ പുസ്തകം കൈ കൊണ്ടു തൊടില്ല. ചേട്ടന്മാരും അനിയന്മാരും ചേച്ചിമാരും അനിയത്തിമാരും അയൽക്കാരും ഒക്കെ ആയി ഒരു വലിയ പട തന്നെ ഉണ്ടാകും ഓണ ദിവസം. വീട്ടിൽ അമ്മയ്ക്കു അടുക്കളയിൽ നിന്നു തിരിയാൻ സമയം കിട്ടില്ല. അതിരാവിലെ പൂക്കളം ഇട്ടു തുടങ്ങുന്ന തിരുവോണ ദിവസം രാത്രി ഇരുട്ടും വരെ ഞങ്ങൾക്കു ആഘോഷം ആയിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം വസ്ത്രം വാങ്ങാറുള്ള അന്നത്തെ കാലത്തു ഓണക്കോടി എന്നതു ഒരു വികാരം തന്നെ ആയിരുന്നു. ഊഞ്ഞാലാട്ടവും തലപ്പന്തു കളിയും കണ്ണു പൊത്തി കളിയും അങ്ങനെ നേരം പോകാൻ വഴികളേറെ ആയിരുന്നു.

20 വർഷത്തിനു ശേഷം ഇപ്പോൾ ഓണാഘോഷം എന്നതു എല്ലാവർക്കും ജോലിക്കിടയിൽ സമയം കളയുവാനുള്ള ഒരു ആഘോഷം മാത്രമായി മാറിയിരിക്കുന്നു. ഓഫീസിൽ തമിഴ്നാട്ടിൽ നിന്നും എത്തിച്ച പൂക്കൾ കൊണ്ടു ഒരു ദിവസത്തെ പൂക്കളമിടീൽ, ഉച്ചക്കു ഓർഡർ ചെയ്തു വരുത്തുന്ന ഓണസദ്യ. പിന്നീട് കുറച്ചു നേരം കുറച്ചു കലാപരിപാടികൾ. ഓഫീസിലെ പൂക്കളത്തിനു നാട്ടിൻപുറത്തെ പൂക്കളുടെ മണം ഉണ്ടാകാറില്ല. സദ്യക്കു അമ്മയുടെ വാത്സല്യത്തിന്റെ രുചി ഉണ്ടാകാറില്ല. കലാപരിപാടികൾക്ക് കുട്ടികാലത്തെ ആവേശം ഉണ്ടാകാറില്ല.

ജോലി തിരക്കുകൾക്കിടയിൽ കിട്ടിയ ഒഴുവുദിനം 10 മണി വരെ ഉറങ്ങി ആഘോഷിച്ചു പുറത്തു പോയി ഭക്ഷണവും കഴിച്ചു ടീവിയിൽ വന്ന പുതിയ സിനിമ കാണുന്നതിനിടയിൽ ഫേസ്ബുക്കിൽ കയറി പൂക്കളത്തിന്റെ ഒരു ഗൂഗിൾ ഇമേജ് അപ്‌ലോഡ് ചെയ്തു ഓണാശംസകൾ എന്നു പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം, അതാണ് ഇന്നത്തെ തിരുവോണ നാളിലെ ഓണാഘോഷം. നാട്ടിൻപുറങ്ങളിലിപ്പോഴും കൊച്ചു കൊച്ചു ക്ളബ്ബുകാർ നടത്തുന്ന ഓണാഘോഷങ്ങൾ ഉള്ളതു കൊണ്ടു അവിടുള്ള കുട്ടികൾ അന്നൊരു ദിവസം എങ്കിലും ഓണം ആഘോഷിക്കും.

ഓണം അവധി തുടങ്ങുംപോൾ തുടങ്ങുന്ന ട്യൂഷൻ ക്ലാസ്സുകളിൽ അതി രാവിലെ എഴുന്നേറ്റു പോകുന്ന ഇന്നത്തെ തലമുറയ്‌ക്കിടയിൽ ദേവഹാരയെ പോലെ പത്തു ദിവസവും പൂക്കളം ഇടാൻ സമയം കണ്ടെത്തുന്ന കുട്ടികൾ ഉണ്ടെന്നു അറിയുമ്പോൾ മനസ്സിനു ഒരു പ്രത്യേക സുഖമാണു. മുറ്റം ചാണകം മെഴുകിയില്ലെങ്കിലും തൊടികൾ നിറയെ പൂക്കളില്ലെങ്കിലും ഓണം എന്തെന്നു പറഞ്ഞു കൊടുക്കാനും പൂക്കളം ഇടാനും പ്രേരിപ്പിക്കുന്ന മാതാപിതാക്കളോ മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടാകുക എന്നതു ഒരു ഭാഗ്യം തന്നെ ആണു.

വരും തലമുറയ്ക്കു ഓണം എന്ന വികാരം നമുക്ക് എന്തായിരുന്നു എന്നു പറഞ്ഞു നൽകേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്. ഈ ഓണനാളിൽ മുടങ്ങാതെ പൂക്കളം ഇടുന്ന ദേവഹാരക്കും മറ്റെല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. 


HAPPY ONAM 2017